പാലക്കാട്: സംസ്ഥാനത്തെ കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമവും വർധിച്ചുവരുന്ന തൊഴിൽച്ചെലവും പരിഹരിക്കുന്നതിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (എസ്എം എഎം) പ്രകാരമുള്ള സാന്പത്തിക സഹായത്തിന് അപേക്ഷകൾ ക്ഷണിച്ചു. 2026-27 സാന്പത്തിക വർഷത്തിൽ കസ്റ്റം ഹയറിംഗ് സെന്റർ, ഫാം മെഷീനറി ബാങ്ക് എന്നീ ഘടകങ്ങളിലേക്ക് കേന്ദ്ര സർക്കാരിന്റെ ഒൗദ്യോഗിക പോർട്ടലിൽ ഓണ്‍ലൈനായി അപേക്ഷിക്കാം.
കർഷകർക്ക് ആവശ്യാനുസരണം കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി കസ്റ്റം ഹയറിംഗ് സെന്റുകളും യന്ത്രവത്കരണതോത് കുറവുള്ള പ്രദേശങ്ങളിൽ സാമൂഹികാടിസ്ഥാനത്തിൽ ഉയർന്നമൂല്യമുള്ള കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കുന്നതിനായി ഫാം മെഷീനറി ബാങ്കുകളും സ്ഥാപിക്കുന്നതിനാണ് സാന്പത്തിക സഹായം നൽകുന്നത്. കർഷക ഗ്രൂപ്പുകൾ, കർഷക ഉൽപ്പാദക സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കസ്റ്റം ഹയറിംഗ് സെന്റർ സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 40 ശതമാനം വരെ ധനസഹായവും, അർഹരായ കർഷക ഗ്രൂപ്പുകൾക്ക് ഫാം മെഷീനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി ചെലവിന്റെ 80 ശതമാനം (പരമാവധി 24 ലക്ഷം രൂപ) വരെയും ധനസഹായം അനുവദിക്കും. കൂടാതെ വനാവകാശ നിയമപ്രകാരമുള്ള അർഹരായ ഗുണഭോക്താക്കൾക്ക് ഈ രണ്ട് വിഭാഗങ്ങളിലും 90 ശതമാനം വരെ ധനസഹായം ലഭിക്കും.
ഫാം മെഷീനറി ബാങ്ക് പദ്ധതികൾ 10 ലക്ഷം രൂപ വരെ, 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ, 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നടപ്പാക്കുന്നത്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പദ്ധതികളിൽ ട്രാക്ടറുകൾ, കൊയ്ത്ത്-മെതിയന്ത്രങ്ങൾ,കാർഷിക ഡ്രോണുകൾ, മൂല്യവർധിത ഉത്്പന്നങ്ങളുടെ നിർമാണത്തിനുള്ള യന്ത്രങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും. എന്നാൽ വ്യക്തിഗത സബ്സിഡിക്ക് അർഹമായ യന്ത്രങ്ങൾ സാധാരണയായി പദ്ധതിയിൽ ഉൾപ്പെടുത്തില്ല.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഓണ്‍ലൈൻ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്ത രേഖകളുടെ അസലും ആവശ്യമായ മറ്റ് അനുബന്ധ രേഖകളും പരിശോധനയ്ക്കായി ഹാജരാക്കണം. ജില്ലയിലെ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സഹായങ്ങൾക്കുമായി മലന്പുഴയിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി) ഓഫീസുമായോ ജില്ലയിലെ മറ്റ് കൃഷി ഓഫീസുകളുമായോ സമീപത്തെ കൃഷിഭവനുകളുമായോ ബന്ധപ്പെടാം. ഫോണ്‍: 9562200882, 9495135808, 7012854102, 9400871570, 9383471479.